Tuesday, December 20, 2011

മാലിന്യ നിര്‍മാര്‍ജനത്തിന് ബയോ പെഡസ്റ്റല്‍ കോളം

ഈരാറ്റുപേട്ട: ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) നേതൃത്വത്തില്‍ ബയോ പെഡസ്റ്റല്‍ കോളം നിര്‍മിച്ചു നില്‍കി. മാലിന്യ നിര്‍മാര്‍ജനത്തിന് നൂതന സംരംഭവുമായി ഐഡിയല്‍ റിലീഫ് വിംഗാണ് രംഗത്തെത്തിയത്.
ഈരാറ്റുപേട്ട പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലെ 50 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും ഒഴികെയുള്ള മാലിന്യം ഓരോ വീടിന്റേയും അടുക്കളയോട് ചേര്‍ന്ന് നിര്‍മാര്‍ജനം ചെയ്യാനാകുമെന്നതാണ് ഏറെ സവിശേഷത.
എട്ട് ഇഞ്ച് വണ്ണവും അഞ്ചടി നീളവുമുള്ള പി.വി.സി പൈപ്പ്, ബക്കറ്റ് എന്നിവയോടൊപ്പം ബക്കറ്റ് നിറയെ ബേബി ചിപ്‌സും മാത്രം ഉപയോഗിച്ച് കേവലം 600 രൂപ ചെലവില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം അടുക്കളത്തോട്ടത്തിനാവശ്യമായ വളവും ലഭിക്കും. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ മേഖലാ ക്യാമ്പിനോടനുബന്ധിച്ചാണ് ഈ നൂതന സംരംഭം ആരംഭിച്ചത്. മേഖലാ ക്യാമ്പ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇ.എ. ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, നൈനാര്‍ പള്ളി ഇമാം ഇസ്മായില്‍ മൗലവി, കെ.ഇ. പരീത്, എ.എം.എ. ഖാദര്‍, ക്യാമ്പ് കണ്‍വീനര്‍ പി.എഫ്. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Saturday, December 17, 2011

ബാറിന് പ്രവര്‍ത്തനാനുമതി: സോളിഡാരിറ്റി മാര്‍ച്ച് നടത്തി



ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ മാലിന്യം ഒഴുക്കിയ ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള മെമ്മോയാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പിന്‍വലിച്ചത്. അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ത്ത വൈസ് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് 14 -ാം വാര്‍ഡ് അംഗം വി.കെ. കബീറിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. 17 അംഗ ബോര്‍ഡിലെ ആറ് പ്രതിപക്ഷ അംഗങ്ങളില്‍ അഞ്ചുപേരും എസ്.ഡി.പി.ഐ അംഗവും ചേര്‍ന്നാണ് കോറം തികച്ചത്.
പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ യോഗം ബ്ലേഡ് മാഫിയ വിരുദ്ധ സമിതി സംസ്ഥാന സമിതിയംഗം ഒ.ഡി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സമിതിയംഗം നിഷാദ് നടക്കല്‍, ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, ഏരിയാ പ്രസിഡന്റ് പി.എസ്. ഹഖീം, നൗഫല്‍ പാറനാനി തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്. ഷറഫുദ്ദീന്‍, പി.എസ്.എ. കരീം, പി.എഫ്. റഷീദ്, ഫിര്‍ദൗസ്, നസീര്‍, മാഹിന്‍, സഹീര്‍, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Thursday, December 15, 2011

ബാര്‍ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം


ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റില്‍ തള്ളിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പഞ്ചായത്ത് ഭരണസമിതിയുടെ അഭാവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കിയ സംഭവത്തില്‍ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ പ്രതിഷേധിച്ചു. ബാറിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയവര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് ജനം തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍, വി.എ. ഹസീബ്, യൂസുഫ്, ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, December 7, 2011

ഡി.എച്ച്.ആര്‍.എം പ്രചാരണ യാത്രക്ക് സോളിഡാരിറ്റി സ്വീകരണം നല്‍കി

ഈരാറ്റുപേട്ട: പട്ടികജാതി-വര്‍ഗ കോളനികളില്‍ സി.പി.എം നടത്തുന്ന മനുസ്മൃതി നിര്‍മിതിക്കെതിരെ ഡി.എച്ച്.ആര്‍.എം നടത്തുന്ന പ്രചാരണ യാത്രക്ക് സോളിഡാരിറ്റി ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. സലീന പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍നിന്ന് നവംബര്‍ രണ്ടിന് ആരംഭിച്ച "മനുഷ്യനിര്‍മിതീ യാത്ര' 2012 ജനുവരി ഒമ്പതിന് തൃശൂരിലാണ് സമാപിക്കുന്നത്. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, യൂനിറ്റ് പ്രസിഡന്റ് ഹിബ യൂസുഫ് എന്നിവര്‍ ജാഥാംഗങ്ങളെ ഹാരാര്‍പ്പണം നടത്തി.


 

Monday, December 5, 2011

സോളിഡാരിറ്റി ജനസുരക്ഷാ യാത്ര ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചു


ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ച ജനസുരക്ഷാ യാത്രയില്‍ 
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പ്രസംഗിക്കുന്നു.

ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുക, ജനസുരക്ഷ ഉറപ്പാക്കാന്‍ സാധ്യമല്ലെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ജനസുരക്ഷാ യാത്ര ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി നയിക്കുന്ന യാത്രയാണ് ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചത്. ഇതേ സമയം തന്നെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളത്തിന്റെ നേതൃത്വത്തില്‍ ആലുവയില്‍ നിന്നും മറ്റൊരു യാത്ര പ്രയാണം തുടങ്ങി. ഈരാറ്റുപേട്ടയില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ പ്രസിഡന്റി ഇ.എ. ബഷീര്‍ ഫാറൂഖി, സോളിഡാരിറ്റി കോട്ടയം ജില്ലാ പ്രസിഡന്റ് പി.എ. ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്ര കാഞ്ഞിരപ്പള്ളിയില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് എം.എല്‍.എ ഫല്‍ഗ് ഓഫ് ചെയ്തു. വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സമരപന്തലുകള്‍ സന്ദര്‍ശിച്ചു.
ചപ്പാത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന ഇ.എസ് ബിജിമോള്‍ എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ക്ക് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഹാരാര്‍പ്പണം നടത്തി. ഇരുജാഥകളും വൈകിട്ട് 7ന് തൊടുപുഴയില്‍ സംഗമിച്ചു. തൊടുപുഴയില്‍ നടന്ന പ്രതിഷേധ സംഗമം മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ച ജാഥകള്‍ക്ക് മാറംപള്ളി, നെല്ലിക്കുഴി, പെരുമ്പാവൂര്‍, വാഴക്കുളം, ഈരാറ്റുപേട്ട, മുണ്ടക്കയം, കുട്ടിക്കാനം, പാമ്പനാര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ സ്ഥലങ്ങളിലായി ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, പ്രൊഫ. സീതാരാമന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം വി.എ അബൂക്കര്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീല്‍ അഹ്്മദ്, എന്നിവര്‍ ജാഥയില്‍ സംബന്ധിച്ചു.

Sunday, October 2, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനം: സുപ്രീം കോടതിക്ക് അഭിവാദ്യം

 ഈരാറ്റുപേട്ട: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം പൂര്‍ണമായും നിരോധിച്ച സുപ്രീം കോടതിക്ക് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി.





Wednesday, September 21, 2011

പെട്രോള്‍ വില വര്‍ധന: പ്രതിഷേധ മാര്‍ച്ച്


അന്യായമായ പെട്രോള്‍ വില വര്‍ധനക്കെതിരെ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ച്.

Saturday, September 17, 2011

മഅ്ദനി മോചനം: സമര യാത്രക്ക് സ്വീകരണം നല്‍കും


ഈരാറ്റുപേട്ട: ഭരണകൂട ഭീകരതയുടെ ഇരയായി അന്യായമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅ്ദനിയുടെ മോചനത്തിന് വേണ്ടി സോളിഡാരിറ്റി കോട്ടയം ജില്ലാ കമ്മറ്റി നടത്തുന്ന വാഹന പ്രചരണ പ്രക്ഷോഭ ജാഥക്ക് ഈരാറ്റുപേട്ട ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.
ഈ മാസം 22, 23 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ നടത്തുന്ന ജാഥ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് പാലായില്‍നിന്ന് ആരംഭിക്കും. ഏറ്റുമാനൂര്‍, അതിരമ്പുഴ, മെഡിക്കല്‍ കോളേജ്, സംക്രാന്തി, ഇല്ലിക്കല്‍ പള്ളി, കാരാപ്പുഴ, കോട്ടയം, ചിങ്ങവനം, കുറിച്ചി , ചങ്ങനാശ്ശേരി, പെരുന്ന, തെങ്ങണ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഒന്നാം ദിവസം സമാപിക്കും.
രണ്ടാം ദിവസമായ വെള്ളിയാഴ്ച ഈരാറ്റുപേട്ടയിലെ കാരക്കാട് നിന്ന്  രാവിലെ ആറ് മണിക്ക് പര്യടനം തുടങ്ങും. പത്താഴപ്പടി (6.45), അമാന്‍ (7.30),  ഹുദാജംഗ്ഷന്‍ (8.30), പ്രൈവറ്റ് ബസ്റ്റാന്റ് (9.15), കടുവാമുഴി (10.45), തെക്കേകര (11.30) എന്നിവിടങ്ങളിലെ പരിപാടികള്‍ക്കു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് പോകും. പാറത്തോട്, എരുമേലി, പെരുവന്താനം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം മുണ്ടക്കയത്ത് വൈകുന്നേരം 6.30 ന് സമാപിക്കും.

Friday, September 2, 2011

ബാര്‍ വിവാദം: പി.സി. ജോര്‍ജ് എം.എല്‍.എയുടെ കോലം കത്തിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടല്‍ ബാര്‍ ഹോട്ടലായി ഉയര്‍ത്താന്‍ അശ്രാന്തപരിശ്രമം നടത്തിയ സ്ഥലം എം.എല്‍.എ പി.സി. ജോര്‍ജിന് താക്കീതായി സോളിഡാരിറ്റി, പിഡിപി പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടലിനു മുന്നില്‍ ചിഫ് വിപ്പിന്റെ കോലം കത്തിച്ചു. നാടിനുവേണ്ടത് വികസനമാണെന്നും ബാര്‍ ഹോട്ടലുകളെല്ലെന്നും യുവതയെ മദ്യത്തില്‍ മുക്കി യൗവനത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. പെരുമഴയിലും ആവേശം ചോരാതെ നടത്തിയ പ്രകടനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

Wednesday, August 31, 2011

മാതാക്കല്‍ തോട് മലിനീകരണം: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു


ഈരാറ്റുപേട്ട: മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് മാതാക്കല്‍ തോട് മലിനമാക്കുന്നതിനെതിരെ സോളിഡാരിറ്റി വാഴമറ്റം-ഇടകിളമറ്റം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ സാമൂഹ്യവും പാരിസ്ഥിതികവും മതപരവുമായി പ്രാധാന്യം വിവരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തുമാണ് മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. സ്ക്വാഡ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ഒരു കാലത്ത് നിറയെ മണലുമായി അടിത്തട്ട് കാണുന്ന തരത്തില്‍ സുതാര്യമായി ഒഴുകിയിരുന്ന തോട് ഇന്ന് പോളകളും വീടുകളില്‍നിന്നുള്ള മാലിന്യങ്ങളും നിറഞ്ഞ് അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുകയാണ്. വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയാതെ വീടുകളില്‍ തന്നെ സംസ്കരിക്കാന്‍ സമീപ വാസികള്‍ തയാറാവണമെന്ന് സോളിഡാരിറ്റി അഭ്യര്‍ഥിച്ചു.


മാതാക്കല്‍ തോട് 

രണ്ട് വര്‍ഷം മുമ്പ് സോളിഡാരിറ്റി സംഘടിപ്പിച്ച മാതാക്കല്‍ തോട് ശുചീകരണ ശ്രമദാനം.


മദ്യ നയം: ഒപ്പു ശേഖരണം നടത്തി



ഈരാറ്റുപേട്ട: മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിയമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഒപ്പു ശേഖരണം നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ ഒപ്പു ശേഖരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.  വിവിധ യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പു ശേഖരണത്തില്‍ നൂറുകണക്കിന് ഒപ്പുകള്‍ ശേഖരിച്ചു.


Monday, August 29, 2011

ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മിച്ചു


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ ഈലക്കയം ഭാഗത്ത് സോളിഡാരിറ്റി നിര്‍മിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മിച്ചു ഇടകിളമറ്റം യൂനിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പുനര്‍ നിര്‍മാണം.









Friday, August 26, 2011

വെയിറ്റിംഗ് ഷെഡിന്റെ ബോര്‍ഡ് നശിപ്പിച്ചു


ഈരാറ്റുപേട്ട: എം.ഇ.എസ് ജംഗ്ഷനില്‍ സോളിഡാരിറ്റി സ്ഥാപിച്ച വെയിറ്റിംഗ് ഷെഡിന്റെ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇവിടെ ബോര്‍ഡ് നശിപ്പിക്കുന്നത്. സംഭവത്തില്‍ സോളിഡാരിറ്റി ഏരിയാ സമിതി പ്രതിഷേധിച്ചു.

സിഗ്നല്‍ ബോര്‍ഡുകള്‍ നശിപ്പിച്ചു


ഈരാറ്റുപേട്ട: പുതുപ്പള്ളി മെഡിക്കല്‍ സെന്ററിന് മുന്നില്‍ സോളിഡാരിറ്റി സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പി.എം.സി ആശുപത്രിയുടെ മുന്നില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഹമ്പിന് സിഗ്നല്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഇതിനാല്‍ രാത്രകാലങ്ങളില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. ഇത് പരിഹരിക്കുന്നതിനു വേണ്ടി ഈരാറ്റുപേട്ടയിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു. സാമൂഹ്യദ്രോഹികളെ നിലക്കുനിര്‍ത്താന്‍ അധികാരികള്‍ തയാറാവണമെന്നും അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സോളിഡാരിറ്റി ഏരിയാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ ഹഖീം പി.എസ്, സെക്രട്ടറി അന്‍സാര്‍ അലി, ബഷീര്‍ ഇടകളമറ്റം, വി.ഇ. യൂസുഫ് എന്നിവര്‍ സംസാരിച്ചു.

''കുള''മായ റോഡില്‍ വഞ്ചിയിറക്കി പ്രതിഷേധിച്ചു


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പഞ്ചായത്തിലെ തോട്ടുമുക്ക് ഭാഗത്തുള്ള കോസ് വേ പാലത്തില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ വഞ്ചിയിറക്കി പ്രതിഷേധിച്ചു. ഈരാറ്റുപേട്ട പഞ്ചായത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണ് വന്‍ കുഴികള്‍ രൂപപ്പെട്ട് തോടായിരിക്കുന്നത്. പാലാ, തൊടുപുഴ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ തിരക്കേറിയ നഗരത്തില്‍ പ്രവേശിക്കാതെ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്‍, മാര്‍മല അരുവി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോവുന്നതിന് എളുപ്പ മാര്‍ഗമായ ഈ റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിബ യൂസുഫ്, കെ.യു. സിയാദ്, ഹസീബ്, എ.എന്‍. നൗഫല്‍, നൗഫല്‍ ബഷീര്‍, സുഹൈല്‍, സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



കൂടുതല്‍ ചിത്രങ്ങള്‍



Thursday, August 25, 2011

സര്‍ക്കാര്‍ ആശുപത്രിയെ അനാഥമാക്കരുത്: സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്‌



ഈരാറ്റുപേട്ട ഗവണ്‍മെന്റ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ബഹുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനറാലിയും ഒപ്പു ശേഖരണവും സംഘടിപ്പിച്ചു. വാഹന റാലി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എം. മുഹമ്മദ് ഇബ്രാഹിം ഫഌഗ്ഓഫ് ചെയ്തു. ലക്ഷക്കണക്കിന് രൂപ മുടക്കി പണിയാരംഭിച്ച ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാര്‍ അനുവദിക്കണമെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശം: സോളിഡാരിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു

 ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ബാര്‍ അനുവദിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ബഹുജന റാലി സംഘടിപ്പിച്ചു. മക്കാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ചേന്നാട് കവല, വടക്കേക്കര എന്നിവിടങ്ങളില്‍ ചുറ്റി ടൗണില്‍ സമാപിച്ചു. പി.സി. ജോര്‍ജ് ഈരാറ്റുപേട്ടക്കാരോട് മാപ്പ് പറയണമെന്നും ബാര്‍ മുതലാളി പി.സി. ജോര്‍ജിന്റെ ബിനാമിയാണോയെന്ന് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. പി.ഡി.പി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.




കൂടുതല്‍ ചിത്രങ്ങള്‍