Wednesday, August 31, 2011

മാതാക്കല്‍ തോട് മലിനീകരണം: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു


ഈരാറ്റുപേട്ട: മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് മാതാക്കല്‍ തോട് മലിനമാക്കുന്നതിനെതിരെ സോളിഡാരിറ്റി വാഴമറ്റം-ഇടകിളമറ്റം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ സാമൂഹ്യവും പാരിസ്ഥിതികവും മതപരവുമായി പ്രാധാന്യം വിവരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തുമാണ് മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. സ്ക്വാഡ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ഒരു കാലത്ത് നിറയെ മണലുമായി അടിത്തട്ട് കാണുന്ന തരത്തില്‍ സുതാര്യമായി ഒഴുകിയിരുന്ന തോട് ഇന്ന് പോളകളും വീടുകളില്‍നിന്നുള്ള മാലിന്യങ്ങളും നിറഞ്ഞ് അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുകയാണ്. വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയാതെ വീടുകളില്‍ തന്നെ സംസ്കരിക്കാന്‍ സമീപ വാസികള്‍ തയാറാവണമെന്ന് സോളിഡാരിറ്റി അഭ്യര്‍ഥിച്ചു.


മാതാക്കല്‍ തോട് 

രണ്ട് വര്‍ഷം മുമ്പ് സോളിഡാരിറ്റി സംഘടിപ്പിച്ച മാതാക്കല്‍ തോട് ശുചീകരണ ശ്രമദാനം.


മദ്യ നയം: ഒപ്പു ശേഖരണം നടത്തി



ഈരാറ്റുപേട്ട: മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിയമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഒപ്പു ശേഖരണം നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ ഒപ്പു ശേഖരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.  വിവിധ യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പു ശേഖരണത്തില്‍ നൂറുകണക്കിന് ഒപ്പുകള്‍ ശേഖരിച്ചു.


Monday, August 29, 2011

ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മിച്ചു


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ ഈലക്കയം ഭാഗത്ത് സോളിഡാരിറ്റി നിര്‍മിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മിച്ചു ഇടകിളമറ്റം യൂനിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പുനര്‍ നിര്‍മാണം.









Friday, August 26, 2011

വെയിറ്റിംഗ് ഷെഡിന്റെ ബോര്‍ഡ് നശിപ്പിച്ചു


ഈരാറ്റുപേട്ട: എം.ഇ.എസ് ജംഗ്ഷനില്‍ സോളിഡാരിറ്റി സ്ഥാപിച്ച വെയിറ്റിംഗ് ഷെഡിന്റെ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇവിടെ ബോര്‍ഡ് നശിപ്പിക്കുന്നത്. സംഭവത്തില്‍ സോളിഡാരിറ്റി ഏരിയാ സമിതി പ്രതിഷേധിച്ചു.

സിഗ്നല്‍ ബോര്‍ഡുകള്‍ നശിപ്പിച്ചു


ഈരാറ്റുപേട്ട: പുതുപ്പള്ളി മെഡിക്കല്‍ സെന്ററിന് മുന്നില്‍ സോളിഡാരിറ്റി സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പി.എം.സി ആശുപത്രിയുടെ മുന്നില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഹമ്പിന് സിഗ്നല്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഇതിനാല്‍ രാത്രകാലങ്ങളില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. ഇത് പരിഹരിക്കുന്നതിനു വേണ്ടി ഈരാറ്റുപേട്ടയിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു. സാമൂഹ്യദ്രോഹികളെ നിലക്കുനിര്‍ത്താന്‍ അധികാരികള്‍ തയാറാവണമെന്നും അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സോളിഡാരിറ്റി ഏരിയാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ ഹഖീം പി.എസ്, സെക്രട്ടറി അന്‍സാര്‍ അലി, ബഷീര്‍ ഇടകളമറ്റം, വി.ഇ. യൂസുഫ് എന്നിവര്‍ സംസാരിച്ചു.

''കുള''മായ റോഡില്‍ വഞ്ചിയിറക്കി പ്രതിഷേധിച്ചു


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പഞ്ചായത്തിലെ തോട്ടുമുക്ക് ഭാഗത്തുള്ള കോസ് വേ പാലത്തില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ വഞ്ചിയിറക്കി പ്രതിഷേധിച്ചു. ഈരാറ്റുപേട്ട പഞ്ചായത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണ് വന്‍ കുഴികള്‍ രൂപപ്പെട്ട് തോടായിരിക്കുന്നത്. പാലാ, തൊടുപുഴ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ തിരക്കേറിയ നഗരത്തില്‍ പ്രവേശിക്കാതെ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്‍, മാര്‍മല അരുവി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോവുന്നതിന് എളുപ്പ മാര്‍ഗമായ ഈ റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിബ യൂസുഫ്, കെ.യു. സിയാദ്, ഹസീബ്, എ.എന്‍. നൗഫല്‍, നൗഫല്‍ ബഷീര്‍, സുഹൈല്‍, സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



കൂടുതല്‍ ചിത്രങ്ങള്‍



Thursday, August 25, 2011

സര്‍ക്കാര്‍ ആശുപത്രിയെ അനാഥമാക്കരുത്: സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്‌



ഈരാറ്റുപേട്ട ഗവണ്‍മെന്റ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ബഹുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനറാലിയും ഒപ്പു ശേഖരണവും സംഘടിപ്പിച്ചു. വാഹന റാലി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എം. മുഹമ്മദ് ഇബ്രാഹിം ഫഌഗ്ഓഫ് ചെയ്തു. ലക്ഷക്കണക്കിന് രൂപ മുടക്കി പണിയാരംഭിച്ച ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാര്‍ അനുവദിക്കണമെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശം: സോളിഡാരിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു

 ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ബാര്‍ അനുവദിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ബഹുജന റാലി സംഘടിപ്പിച്ചു. മക്കാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ചേന്നാട് കവല, വടക്കേക്കര എന്നിവിടങ്ങളില്‍ ചുറ്റി ടൗണില്‍ സമാപിച്ചു. പി.സി. ജോര്‍ജ് ഈരാറ്റുപേട്ടക്കാരോട് മാപ്പ് പറയണമെന്നും ബാര്‍ മുതലാളി പി.സി. ജോര്‍ജിന്റെ ബിനാമിയാണോയെന്ന് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. പി.ഡി.പി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.




കൂടുതല്‍ ചിത്രങ്ങള്‍