Saturday, December 17, 2011

ബാറിന് പ്രവര്‍ത്തനാനുമതി: സോളിഡാരിറ്റി മാര്‍ച്ച് നടത്തി



ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ മാലിന്യം ഒഴുക്കിയ ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള മെമ്മോയാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പിന്‍വലിച്ചത്. അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ത്ത വൈസ് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് 14 -ാം വാര്‍ഡ് അംഗം വി.കെ. കബീറിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. 17 അംഗ ബോര്‍ഡിലെ ആറ് പ്രതിപക്ഷ അംഗങ്ങളില്‍ അഞ്ചുപേരും എസ്.ഡി.പി.ഐ അംഗവും ചേര്‍ന്നാണ് കോറം തികച്ചത്.
പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ യോഗം ബ്ലേഡ് മാഫിയ വിരുദ്ധ സമിതി സംസ്ഥാന സമിതിയംഗം ഒ.ഡി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സമിതിയംഗം നിഷാദ് നടക്കല്‍, ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, ഏരിയാ പ്രസിഡന്റ് പി.എസ്. ഹഖീം, നൗഫല്‍ പാറനാനി തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്. ഷറഫുദ്ദീന്‍, പി.എസ്.എ. കരീം, പി.എഫ്. റഷീദ്, ഫിര്‍ദൗസ്, നസീര്‍, മാഹിന്‍, സഹീര്‍, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



No comments:

Post a Comment