Tuesday, December 20, 2011

മാലിന്യ നിര്‍മാര്‍ജനത്തിന് ബയോ പെഡസ്റ്റല്‍ കോളം

ഈരാറ്റുപേട്ട: ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) നേതൃത്വത്തില്‍ ബയോ പെഡസ്റ്റല്‍ കോളം നിര്‍മിച്ചു നില്‍കി. മാലിന്യ നിര്‍മാര്‍ജനത്തിന് നൂതന സംരംഭവുമായി ഐഡിയല്‍ റിലീഫ് വിംഗാണ് രംഗത്തെത്തിയത്.
ഈരാറ്റുപേട്ട പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലെ 50 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും ഒഴികെയുള്ള മാലിന്യം ഓരോ വീടിന്റേയും അടുക്കളയോട് ചേര്‍ന്ന് നിര്‍മാര്‍ജനം ചെയ്യാനാകുമെന്നതാണ് ഏറെ സവിശേഷത.
എട്ട് ഇഞ്ച് വണ്ണവും അഞ്ചടി നീളവുമുള്ള പി.വി.സി പൈപ്പ്, ബക്കറ്റ് എന്നിവയോടൊപ്പം ബക്കറ്റ് നിറയെ ബേബി ചിപ്‌സും മാത്രം ഉപയോഗിച്ച് കേവലം 600 രൂപ ചെലവില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം അടുക്കളത്തോട്ടത്തിനാവശ്യമായ വളവും ലഭിക്കും. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ മേഖലാ ക്യാമ്പിനോടനുബന്ധിച്ചാണ് ഈ നൂതന സംരംഭം ആരംഭിച്ചത്. മേഖലാ ക്യാമ്പ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇ.എ. ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, നൈനാര്‍ പള്ളി ഇമാം ഇസ്മായില്‍ മൗലവി, കെ.ഇ. പരീത്, എ.എം.എ. ഖാദര്‍, ക്യാമ്പ് കണ്‍വീനര്‍ പി.എഫ്. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Saturday, December 17, 2011

ബാറിന് പ്രവര്‍ത്തനാനുമതി: സോളിഡാരിറ്റി മാര്‍ച്ച് നടത്തി



ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ മാലിന്യം ഒഴുക്കിയ ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള മെമ്മോയാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പിന്‍വലിച്ചത്. അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ത്ത വൈസ് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് 14 -ാം വാര്‍ഡ് അംഗം വി.കെ. കബീറിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. 17 അംഗ ബോര്‍ഡിലെ ആറ് പ്രതിപക്ഷ അംഗങ്ങളില്‍ അഞ്ചുപേരും എസ്.ഡി.പി.ഐ അംഗവും ചേര്‍ന്നാണ് കോറം തികച്ചത്.
പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ യോഗം ബ്ലേഡ് മാഫിയ വിരുദ്ധ സമിതി സംസ്ഥാന സമിതിയംഗം ഒ.ഡി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സമിതിയംഗം നിഷാദ് നടക്കല്‍, ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, ഏരിയാ പ്രസിഡന്റ് പി.എസ്. ഹഖീം, നൗഫല്‍ പാറനാനി തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്. ഷറഫുദ്ദീന്‍, പി.എസ്.എ. കരീം, പി.എഫ്. റഷീദ്, ഫിര്‍ദൗസ്, നസീര്‍, മാഹിന്‍, സഹീര്‍, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Thursday, December 15, 2011

ബാര്‍ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം


ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റില്‍ തള്ളിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പഞ്ചായത്ത് ഭരണസമിതിയുടെ അഭാവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കിയ സംഭവത്തില്‍ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ പ്രതിഷേധിച്ചു. ബാറിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയവര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് ജനം തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍, വി.എ. ഹസീബ്, യൂസുഫ്, ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, December 7, 2011

ഡി.എച്ച്.ആര്‍.എം പ്രചാരണ യാത്രക്ക് സോളിഡാരിറ്റി സ്വീകരണം നല്‍കി

ഈരാറ്റുപേട്ട: പട്ടികജാതി-വര്‍ഗ കോളനികളില്‍ സി.പി.എം നടത്തുന്ന മനുസ്മൃതി നിര്‍മിതിക്കെതിരെ ഡി.എച്ച്.ആര്‍.എം നടത്തുന്ന പ്രചാരണ യാത്രക്ക് സോളിഡാരിറ്റി ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. സലീന പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍നിന്ന് നവംബര്‍ രണ്ടിന് ആരംഭിച്ച "മനുഷ്യനിര്‍മിതീ യാത്ര' 2012 ജനുവരി ഒമ്പതിന് തൃശൂരിലാണ് സമാപിക്കുന്നത്. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, യൂനിറ്റ് പ്രസിഡന്റ് ഹിബ യൂസുഫ് എന്നിവര്‍ ജാഥാംഗങ്ങളെ ഹാരാര്‍പ്പണം നടത്തി.


 

Monday, December 5, 2011

സോളിഡാരിറ്റി ജനസുരക്ഷാ യാത്ര ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചു


ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ച ജനസുരക്ഷാ യാത്രയില്‍ 
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പ്രസംഗിക്കുന്നു.

ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുക, ജനസുരക്ഷ ഉറപ്പാക്കാന്‍ സാധ്യമല്ലെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ജനസുരക്ഷാ യാത്ര ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി നയിക്കുന്ന യാത്രയാണ് ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചത്. ഇതേ സമയം തന്നെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളത്തിന്റെ നേതൃത്വത്തില്‍ ആലുവയില്‍ നിന്നും മറ്റൊരു യാത്ര പ്രയാണം തുടങ്ങി. ഈരാറ്റുപേട്ടയില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ പ്രസിഡന്റി ഇ.എ. ബഷീര്‍ ഫാറൂഖി, സോളിഡാരിറ്റി കോട്ടയം ജില്ലാ പ്രസിഡന്റ് പി.എ. ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്ര കാഞ്ഞിരപ്പള്ളിയില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് എം.എല്‍.എ ഫല്‍ഗ് ഓഫ് ചെയ്തു. വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സമരപന്തലുകള്‍ സന്ദര്‍ശിച്ചു.
ചപ്പാത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന ഇ.എസ് ബിജിമോള്‍ എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ക്ക് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഹാരാര്‍പ്പണം നടത്തി. ഇരുജാഥകളും വൈകിട്ട് 7ന് തൊടുപുഴയില്‍ സംഗമിച്ചു. തൊടുപുഴയില്‍ നടന്ന പ്രതിഷേധ സംഗമം മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ച ജാഥകള്‍ക്ക് മാറംപള്ളി, നെല്ലിക്കുഴി, പെരുമ്പാവൂര്‍, വാഴക്കുളം, ഈരാറ്റുപേട്ട, മുണ്ടക്കയം, കുട്ടിക്കാനം, പാമ്പനാര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ സ്ഥലങ്ങളിലായി ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, പ്രൊഫ. സീതാരാമന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം വി.എ അബൂക്കര്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീല്‍ അഹ്്മദ്, എന്നിവര്‍ ജാഥയില്‍ സംബന്ധിച്ചു.